കഴിഞ്ഞ ഒരാഴ്ചയിലേറെയായി തുടങ്ങിയ ഗാസയിലെ ഇസ്രായേൽ ആക്രമണം ഇപ്പോഴും തുടരുന്നു. അൽ ജസീറയുടെ ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം ഇന്ന് പുലർച്ച മാത്രം ഗാസ ലക്ഷ്യമാക്കി 55 ഓളം വ്യോമാക്രമണങ്ങളാണ് ഇസ്രായേൽ നടത്തിയിട്ടുള്ളത്. പ്രധാനമായും ഗാസയിലെ സുരക്ഷാ സൈന്യ താവളങ്ങളും, വിമാനത്താവളങ്ങളും ലക്ഷ്യമാക്കി കൊണ്ടാണ് ഇസ്രായേൽ വ്യോമാക്രമണം. ഗാസയിലെ വലിയ മൂന്ന് കെട്ടിടങ്ങൾക്ക് നേരെ ഇന്ന് ഇസ്രായേൽ ആക്രമണം നടത്തി. പലസ്തീൻ അധികൃതർ ജനങ്ങളെ കെട്ടിടത്തിൽ നിന്നും മാറ്റിപ്പാർപ്പിച്ചതിനാൽ വലിയ അപകടം ഒഴിവായി.
ഞായറാഴ്ച ഇസ്രായേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ മാത്രം 42 ഓളം പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ ആക്രമണത്തിൽ ഏറ്റവും കൂടുതൽ പലസ്തീനികൾ കൊല്ലപ്പെട്ടത്. ഒരാഴ്ചയിലധികമായി തുടരുന്ന സംഘർഷത്തിൽ നിരവധി വ്യോമാക്രമണങ്ങൾ നടക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗാസ മുനമ്പിൽ 52 കുട്ടികളും 34 സ്ത്രീകളും ഉൾപ്പെടെ 192 പേർ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ട് കുട്ടികളടക്കം 10 പേർ മരിച്ചതായി ഇസ്രായേലും അറിയിച്ചു.
ഗാസയിൽ തുടരെത്തുടരെ ഇസ്രായേൽ സൈന്യം വ്യോമാക്രമണം നടത്തുന്നുവെന്നാണ് റിപ്പോർട്ട്.
'വ്യോമാക്രമണം തുടരുകയാണ്, കെട്ടിടങ്ങൾ ഇളകുന്നു, വാതിലുകൾ പകരുന്നു , എന്റെ അയൽവാസികളായ കുട്ടികൾ കരയുന്നത് എനിക്ക് കേൾക്കാമായിരുന്നു', ഗാസയിൽ നടക്കുന്ന സംഘർഷം റിപ്പോർട്ട് ചെയ്യാൻ പോയ റോയിട്ടേയ്‌സ് ലേഖകൻ നിഡാൽ അൽ മുഗ്‌റാബി ട്വിറ്ററിൽ കുറിച്ചു. അതേസമയം
തുടരുന്ന സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മെയ് 18ന് നാളെ ചൊവ്വാഴ്ച പലസ്തീൻ നേതൃത്വത്തിലുള്ള പണിമുടക്ക് ദിനത്തിൽ ചേരാൻ ലോകമെമ്പാടുമുള്ള ആളുകളോട് ഗ്രാസ്‌റൂട്ട്സ് അൽ-കുഡ്‌സ് ഡയറക്ടർ ഫെയ്‌റൂസ് ഷാർകവി ആഹ്വാനം ചെയ്തിട്ടുണ്ട്. ദിവസംതോറും മൂന്ന് കുട്ടികൾക്ക് വീതം ഇസ്രായേൽ ആക്രമണത്തിൽ പരിക്കേൽക്കുന്നുണ്ടെന്നും ഇവർക്ക് വലിയതോതിൽ വൈകല്യങ്ങളുണ്ടാകുന്നുവെന്നും പലസ്തീൻ വ്യക്തമാക്കുന്നു.
എന്നാൽ ആക്രമണം ഉടൻ നിർത്തില്ലെന്നാണ് ഇസ്രായേൽ ഭരണകൂടം വ്യക്തമാക്കുന്നത്
'ഹമാസിലെ ഭരണാധികാരികൾ കനത്ത വില നൽകേണ്ടി വരും, ആക്രമണം ഉടൻ നിർത്താൻ ഉദ്ദേശിക്കുന്നില്ല ' ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി. അതേസമയം അക്രമത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഞായറാഴ്ച ഐക്യരാഷ്ട്ര സുരക്ഷാ സമിതി യോഗം ചേർന്നെങ്കിലും സംയുക്ത ആശങ്കാ പ്രസ്താവന പോലും അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടു.
Courtesy: al jazeera
COMMENTS